Thursday, December 1, 2011

സന്ധികള്‍

സന്ധി പ്രകരണം
(സ്വര സന്ധി - ആഗമം,ലോപം / സ്വര - വ്യഞ്ജന സന്ധി - ദ്വിത്വം / വ്യഞ്ജന സന്ധി - ആദേശം)
================================================
‘സ്വര‘ സന്ധിയും ‘സ്വര-വ്യഞ്ജന‘, ‘വ്യഞ്ജന‘വും
സ്വരൂപങ്ങളിങ്ങനെ സന്ധികള്‍ക്കെന്നു ഞായം.

‘ആഗമ‘, ‘ലോപാ‘ദികള്‍ ‘സ്വര സന്ധി‘യാണെങ്കില്‍
‘ആദേശം‘ ‘വ്യഞ്ജന‘മാം, ‘സ്വര- വ്യഞ്ജനം‘ ‘ദ്വിത്വം‘ !

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോളൊന്നു ‘ലോപം’
‘കണ്ടില്ല’യെന്നു വരും ‘കണ്ട് (+)ഇല്ല‘യെന്നതും!

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരവേ ‘യ‘- ‘വ‘ കാരം
രണ്ടു ‘മാഗമം‘ ‘തിരു(+)ഓണ‘വും ‘തിരുവോണം‘ !

‘ചാടി(+)ഓടി‘ യും ‘ചാടിയോടി‘ യാം; പിന്നെ‘പ്പാടി-
പ്പാടി‘ യാക്കീടാം ‘ദ്വിത്വ സന്ധി‘യില്‍ ‘പാടി(+)പാടി‘ !

രണ്ടു വ്യഞ്ജനങ്ങളെച്ചേര്‍ക്കുമ്പോ‘ളാദേശ‘ത്താല്
രണ്ടിനും മാറ്റമുണ്ടാം;‘ പൊന്‍(+)താ‘രോ ‘ പൊല്‍ ത്താ‘രാകും !

‘ത‘ വര്‍ഗ്ഗ ‘ട‘ വര്‍ഗ്ഗങ്ങള്‍ ചേരുകില്‍ ‘ട‘ വര്‍ഗ്ഗവും
‘ത‘ വര്‍ഗ്ഗ ‘ച‘ വര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാലോ ‘ച‘ വര്‍ഗ്ഗമാം!

‘വിണ്‍(+)തലം‘ ‘വിണ്ടല‘വും ‘തണ്‍(+)താ‘രോ ‘തണ്ടാ‘രുമാം
‘എണ്‍(+)നൂറു ‘ ‘ യെണ്ണൂറു‘ മാം ; ‘കണ്‍(+)നീ‘രൊ ‘കണ്ണീ‘രുമാം!!

‘വലഞ്(+)തു’ ‘വലഞ്ഞെ‘ന്നും ‘തുലഞ്(+)തു’ ‘തുലഞ്ഞെ‘ന്നും
‘കളി(+)തു ‘ ‘കളിച്ചെ‘ന്നും ‘കുളി(+)തു‘ ‘കുളിച്ചെ‘ന്നും !!


ടിപ്പണി.

സന്ധി’യെന്നാല്‍ ‘ ചേര്‍ച്ച ’ എന്നാണര്‍ത്ഥം. രണ്ടു പദങ്ങള്‍ ചേര്‍ന്ന് ഒരു വാചകമുണ്ടാകുമ്പോള്‍ രണ്ട് അക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുന്നുണ്ട് .

ആദ്യപദത്തിന്റെ(പൂര്‍വ്വ പദം)അവസാനത്തെയക്ഷരവും രണ്ടാംപദ(ഉത്തരപദം)ത്തിന്റെ ആദ്യയക്ഷരവും തമ്മിലാണ്‍ ചേര്‍ച്ച.ഇത്തരം ചേര്‍ച്ച നടക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ചില മാറ്റങ്ങളും മറ്റും സംഭവിക്കുന്നു.

സ്വരാക്ഷരങ്ങള്‍(അ,ആ,ഇ,ഈ..) തമ്മിലാണ്‍ ചേര്‍ച്ചയെങ്കില്‍ പൊതുവെ ‘സ്വര-സന്ധി’യെന്നു പറയാം.
രണ്ടു സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍
1. എതെങ്കിലും ഒരു സ്വരാക്ഷരം ലോപിച്ചു (കുറഞ്ഞ് ) പോയാല്‍ ‘ലോപ സ്ന്ധി’.
2. ‘യ’ ‘വ’ കാരങ്ങള്‍ ( കാരം = അക്ഷരം ) ആഗമിച്ചാല്‍ ( പുതുതായി വന്നു ചേരല്‍ ) ‘ ആഗമ സന്ധി ’.

അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതു ആഗമ സന്ധിയും ലോപസന്ധിയും സ്വര സന്ധിവിഭാഗത്തില്‍ പെടുന്നുവെന്നാണ്‍.
അതായത് രണ്ട് സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുമ്പോള്‍മാത്രമേ ഏതെങ്കിലും ഒരു സ്വരാ‍ക്ഷരം ലോപിക്കുകയുള്ളു..രണ്ടുസ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ മാത്രമേ ‘യ’ അല്ലെങ്കില്‍ ‘വ’ കാരം ആഗമിക്കുകയുള്ളു!
-------------------------------------------
‘ഉ’കാരം രണ്ടു വിധം. സംവൃതമെന്നും വിവൃതമെന്നും.
അല്പം മാത്രമുച്ചാരണമുള്ള ഉകാരത്തെ സംവൃതോകാരം എന്നും(ഉകാരത്തിനു മുകളില്‍ ചില്ല് കൊടുത്തെഴുതുന്നത്.)
പൂര്‍ണ്ണമായ ഉകാരത്തെ വിവൃതോകാരമെന്നും പറയുന്നു.
-------------------------------------------
ലോപ സന്ധി തുടര്‍ച്ച..

ഉദാ:-

വന്നില്ല = വന്ന് + ഇല്ല =വന്നില്ല(ഒന്നാം പദത്തിലെ അവസാന അക്ഷരം സംവൃത ‘ഉ’കാരമാണ്‍ ,അതു ലോപിച്ചിരിക്കുന്നതിനാല്‍ ലോപസന്ധി.

കണ്ടില്ല = കണ്ട് + ഇല്ല = കണ്ടില്ല
എട്ടാണ്ട് = എട്ട് + ആണ്ട് =എട്ടാണ്ട്


ആഗമ സന്ധി

ഉദാ:- ‘’ആഗമിക്കുന്നത്

ആടിയാടി = ആടി + ആടി
ചാടിയോടി = ചാടി + ഓടി

ഉദാ:-‘’ ആഗമിക്കുന്നത്

തിരുവാതിര = തിരു + ആതിര
തിരുവോണം = തിരു + ഓണം
ഗുരുവാകും = ഗുരു + ആകും