Thursday, December 9, 2010

Malayalam grammar-മലയാള വ്യാകരണം


പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം

പ്രിയരേ..

‘പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം’ഇവിടെ അവതരിപ്പിക്കുകയാണ്‍.
ശ്രേഷ്ഠ മലയാള വൈയാകരണനായ ശ്രീ. ഏ.ആര്‍.രാജ രാജവര്‍മ്മയുടെ ‘കേരള പാണിനീയ’മാണ് ഇവയ്ക്കടിസ്ഥാനം. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കായ് ഇവയര്‍പ്പിക്കുന്നു...

നാമ വിഭാഗം
ദ്രവ്യനാമം
(സംജ്ഞം- സാമാന്യം- മേയം-സര്‍വ്വം)
==================================
(കേക)

ദ്രവ്യ-ഗുണ-ക്രിയ തന്‍ പേരായ ശബ്ദം നാമം:
ദ്രവ്യ നാമമോ ‘സംജ്ഞം’ ‘സാമാന്യം’ ‘മേയം’ ‘സര്‍വ്വം’!

സംജ്ഞം വ്യക്തിതന്‍ പേരാം-രാമനും പെരിയാറും
സാമാന്യ,മൊരു ജാതി -ആനയും പട്ടണവും!

മേയം താന്‍ ‘സമൂഹ’വും; വ്യക്തി ഭേദവുമില്ല
മഞ്ഞു,പൊ,ന്നാകാശവും വെയിലും മഴ,വെള്ളം!

അടുത്തു പറഞ്ഞൊരു നാമമാം ‘സര്‍വ്വ’നാമം
അവരു,മവനും പിന്നവളു,മതു,മിതും!
================================
ടിപ്പണി.

ഒരു ദ്രവ്യത്തിന്റെയൊ ഗുണത്തിന്റെയൊ ക്രിയയുടെയൊ പേരായ ശബ്ദത്തെ നാമം എന്നു പറയാം.
അതില്‍ ദ്രവ്യനാമമാണ് ആദ്യം പരിഗണിക്കുന്നതു.
സംജ്ഞാനാമം സാമാന്യനാമം മേയാനാമം സര്‍വ്വനാമം ഇങ്ങനെ ദ്രവ്യനാമത്തെ നാലായിതിരിച്ചിട്ടുണ്ട്.

സംജ്ഞം ഒരു വ്യക്തിയെ കുറിക്കുന്നു. പേര്‍ കേട്ടാല്‍ പെട്ടെന്ന് ആ വ്യക്തിയെ മനസ്സിലാക്കാം.
ഉദാ: രാമന്‍,പെരിയാര്‍,കോട്ടയം,ഗുരുവായൂര്‍ കേശവന്‍..

സാമാന്യനാമമാകട്ടെ ഒരു വര്‍ഗ്ഗത്തെ അല്ലെങ്കില്‍ ജാതിയെ( ഇനത്തെ) സൂചിപ്പിക്കുന്നു.
ഉദാ:ആന,പട്ടണം,കോഴി,മനുഷ്യന്‍..

മേയാനാമവും ‘സമൂഹനാമ’വും ഒന്നാണെന്ന അഭിപ്രായവുമുണ്ട്!
എത്ര ചെറുതാക്കിയാലും വലുതാക്കിയാലും പേരില്‍ (വ്യക്തിക്കു) വ്യത്യാസം വരാത്തത് മേയാനാമം.ഉദാ:മഞ്ഞ്,പൊന്ന്,ആകാശം,വെയില്‍ ,മഴ,വെള്ളം,കാറ്റ്(വായു)..

തൊട്ടടുത്തു പറഞ്ഞ ഒരു നാമത്തിനു പകരം (ആവര്‍ത്തന വിരസതയില്ലാതിരിക്കാന്‍)വയ്ക്കുന്ന നാമമാണ് സര്‍വ്വനാമം.ഉദാ:അവര്‍,അവന്‍,ആവള്‍,അത്,ഇത്,അദ്ദേഹം...

3 comments:

  1. തീർച്ചയായും ഇതിനു തുടർച്ചയുണ്ട് -:)
    ആരെങ്കിലും ഇതു വായിച്ചു നോക്കുമോ എന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു..എന്നിട്ടാവാം തുടർച്ച എന്നു കരുതി.അത്രമാത്രം.
    എന്തായാലും ഇവിടെ എത്തിനോക്കിയതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി...

    ReplyDelete
  2. കേരളപാണിനീയം തുടക്കക്കാർക്ക് ബാലികേറാമലയാണെന്ന് കേട്ടിട്ടുണ്ട്. ഭാഷയിൽ വ്യുത്പത്തി കുറഞ്ഞവർക്ക് ഇത് ദുഷ്കരമാണെന്നാണ് എന്റെ ധാരണ, താങ്കളുടെ സഹായം ഈ ബ്ലോഗിൽ ഇപ്പോഴും സജീവമായുണ്ടോ ?.

    ReplyDelete