Thursday, December 1, 2011

സന്ധികള്‍

സന്ധി പ്രകരണം
(സ്വര സന്ധി - ആഗമം,ലോപം / സ്വര - വ്യഞ്ജന സന്ധി - ദ്വിത്വം / വ്യഞ്ജന സന്ധി - ആദേശം)
================================================
‘സ്വര‘ സന്ധിയും ‘സ്വര-വ്യഞ്ജന‘, ‘വ്യഞ്ജന‘വും
സ്വരൂപങ്ങളിങ്ങനെ സന്ധികള്‍ക്കെന്നു ഞായം.

‘ആഗമ‘, ‘ലോപാ‘ദികള്‍ ‘സ്വര സന്ധി‘യാണെങ്കില്‍
‘ആദേശം‘ ‘വ്യഞ്ജന‘മാം, ‘സ്വര- വ്യഞ്ജനം‘ ‘ദ്വിത്വം‘ !

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോളൊന്നു ‘ലോപം’
‘കണ്ടില്ല’യെന്നു വരും ‘കണ്ട് (+)ഇല്ല‘യെന്നതും!

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരവേ ‘യ‘- ‘വ‘ കാരം
രണ്ടു ‘മാഗമം‘ ‘തിരു(+)ഓണ‘വും ‘തിരുവോണം‘ !

‘ചാടി(+)ഓടി‘ യും ‘ചാടിയോടി‘ യാം; പിന്നെ‘പ്പാടി-
പ്പാടി‘ യാക്കീടാം ‘ദ്വിത്വ സന്ധി‘യില്‍ ‘പാടി(+)പാടി‘ !

രണ്ടു വ്യഞ്ജനങ്ങളെച്ചേര്‍ക്കുമ്പോ‘ളാദേശ‘ത്താല്
രണ്ടിനും മാറ്റമുണ്ടാം;‘ പൊന്‍(+)താ‘രോ ‘ പൊല്‍ ത്താ‘രാകും !

‘ത‘ വര്‍ഗ്ഗ ‘ട‘ വര്‍ഗ്ഗങ്ങള്‍ ചേരുകില്‍ ‘ട‘ വര്‍ഗ്ഗവും
‘ത‘ വര്‍ഗ്ഗ ‘ച‘ വര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാലോ ‘ച‘ വര്‍ഗ്ഗമാം!

‘വിണ്‍(+)തലം‘ ‘വിണ്ടല‘വും ‘തണ്‍(+)താ‘രോ ‘തണ്ടാ‘രുമാം
‘എണ്‍(+)നൂറു ‘ ‘ യെണ്ണൂറു‘ മാം ; ‘കണ്‍(+)നീ‘രൊ ‘കണ്ണീ‘രുമാം!!

‘വലഞ്(+)തു’ ‘വലഞ്ഞെ‘ന്നും ‘തുലഞ്(+)തു’ ‘തുലഞ്ഞെ‘ന്നും
‘കളി(+)തു ‘ ‘കളിച്ചെ‘ന്നും ‘കുളി(+)തു‘ ‘കുളിച്ചെ‘ന്നും !!


ടിപ്പണി.

സന്ധി’യെന്നാല്‍ ‘ ചേര്‍ച്ച ’ എന്നാണര്‍ത്ഥം. രണ്ടു പദങ്ങള്‍ ചേര്‍ന്ന് ഒരു വാചകമുണ്ടാകുമ്പോള്‍ രണ്ട് അക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുന്നുണ്ട് .

ആദ്യപദത്തിന്റെ(പൂര്‍വ്വ പദം)അവസാനത്തെയക്ഷരവും രണ്ടാംപദ(ഉത്തരപദം)ത്തിന്റെ ആദ്യയക്ഷരവും തമ്മിലാണ്‍ ചേര്‍ച്ച.ഇത്തരം ചേര്‍ച്ച നടക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ചില മാറ്റങ്ങളും മറ്റും സംഭവിക്കുന്നു.

സ്വരാക്ഷരങ്ങള്‍(അ,ആ,ഇ,ഈ..) തമ്മിലാണ്‍ ചേര്‍ച്ചയെങ്കില്‍ പൊതുവെ ‘സ്വര-സന്ധി’യെന്നു പറയാം.
രണ്ടു സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍
1. എതെങ്കിലും ഒരു സ്വരാക്ഷരം ലോപിച്ചു (കുറഞ്ഞ് ) പോയാല്‍ ‘ലോപ സ്ന്ധി’.
2. ‘യ’ ‘വ’ കാരങ്ങള്‍ ( കാരം = അക്ഷരം ) ആഗമിച്ചാല്‍ ( പുതുതായി വന്നു ചേരല്‍ ) ‘ ആഗമ സന്ധി ’.

അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതു ആഗമ സന്ധിയും ലോപസന്ധിയും സ്വര സന്ധിവിഭാഗത്തില്‍ പെടുന്നുവെന്നാണ്‍.
അതായത് രണ്ട് സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുമ്പോള്‍മാത്രമേ ഏതെങ്കിലും ഒരു സ്വരാ‍ക്ഷരം ലോപിക്കുകയുള്ളു..രണ്ടുസ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ മാത്രമേ ‘യ’ അല്ലെങ്കില്‍ ‘വ’ കാരം ആഗമിക്കുകയുള്ളു!
-------------------------------------------
‘ഉ’കാരം രണ്ടു വിധം. സംവൃതമെന്നും വിവൃതമെന്നും.
അല്പം മാത്രമുച്ചാരണമുള്ള ഉകാരത്തെ സംവൃതോകാരം എന്നും(ഉകാരത്തിനു മുകളില്‍ ചില്ല് കൊടുത്തെഴുതുന്നത്.)
പൂര്‍ണ്ണമായ ഉകാരത്തെ വിവൃതോകാരമെന്നും പറയുന്നു.
-------------------------------------------
ലോപ സന്ധി തുടര്‍ച്ച..

ഉദാ:-

വന്നില്ല = വന്ന് + ഇല്ല =വന്നില്ല(ഒന്നാം പദത്തിലെ അവസാന അക്ഷരം സംവൃത ‘ഉ’കാരമാണ്‍ ,അതു ലോപിച്ചിരിക്കുന്നതിനാല്‍ ലോപസന്ധി.

കണ്ടില്ല = കണ്ട് + ഇല്ല = കണ്ടില്ല
എട്ടാണ്ട് = എട്ട് + ആണ്ട് =എട്ടാണ്ട്


ആഗമ സന്ധി

ഉദാ:- ‘’ആഗമിക്കുന്നത്

ആടിയാടി = ആടി + ആടി
ചാടിയോടി = ചാടി + ഓടി

ഉദാ:-‘’ ആഗമിക്കുന്നത്

തിരുവാതിര = തിരു + ആതിര
തിരുവോണം = തിരു + ഓണം
ഗുരുവാകും = ഗുരു + ആകും


വിഭക്തികള്‍

വിഭക്തികള്‍ -7
അര്‍ത്ഥമില്ലാത്ത ചിലയക്ഷരം നാമത്തോടു-
ചേര്‍ത്തു പ്രത്യേകാര്‍ത്ഥങ്ങള്‍ നേടുവാന്‍ വിഭക്തികള്‍

നി,പ്ര,സം,ഉ,പ്ര,സം ആ-കോടുകള്‍ക്കെഥാക്രമം
ശൂന്യ,മേ,യോട്,ക്ക്,നാ,ത്,ഉടെ,യിന്റെ,യില്‍ ,എന്നാം!

നിര്‍ദ്ദേശികയ്ക്കു ശൂന്യം;പ്രത്യയമൊന്നുമില്ല
നാമരൂപങ്ങള്‍ തന്നെ;രാമന്‍-രാമന്മാര്‍ മാത്രം!

പ്രതിഗ്രാഹികയ്ക്കുള്ള പ്രത്യയം ‘എ’ യെന്നതാം
‘പ്രതിയെ’ പിടികൂടാന്‍ ‘പട്ടിയെ’ കൊണ്ടുവരും!

സംയോജികയോടൊപ്പം ‘ ഓട് ’പ്രത്യയമുണ്ട്;
സംശയമുണ്ടെങ്കിലോ ചോദിക്കു ‘ സാറിനോട് ’!

ഉദ്ദേശികയ്ക്കു ക്ക്,ന്‍ രണ്ടാണ്‍ പ്രത്യയങ്ങള്‍
ഉദ്ദിഷ്ടമത്രേ ചേര്‍പ്പൂ;‘ രാമന്‍ ’ ‘രാമന്മാര്‍ക്ക്’

പ്രയോജികയ്ക്കു വേണം ‘ ആല്‍ ’ എന്ന പ്രത്യയവും
പ്രതീക്ഷയോടെ നില്‍പ്പൂ ‘ രാമനാല്‍ ’ ജീവിപ്പവര്‍!

സമ്പന്ധികയ്ക്കു വേണം പ്രത്യയം ‘ഉടെ’-‘ന്റെ’
‘സമ്പന്ധത്തിന്റെ’ ബലം ‘വരന്മാരുടെ’ ബലം!

ആധാരികയ്ക്കു പിന്നെ ‘ ഇല്‍ ’എന്ന പ്രത്യയമാം
ആധാരമിനിയെല്ലാം ‘ ദൈവത്തില്‍ ’ അര്‍പ്പിച്ചിടാം..!!

Thursday, December 9, 2010

Malayalam grammar-മലയാള വ്യാകരണം


പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം

പ്രിയരേ..

‘പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം’ഇവിടെ അവതരിപ്പിക്കുകയാണ്‍.
ശ്രേഷ്ഠ മലയാള വൈയാകരണനായ ശ്രീ. ഏ.ആര്‍.രാജ രാജവര്‍മ്മയുടെ ‘കേരള പാണിനീയ’മാണ് ഇവയ്ക്കടിസ്ഥാനം. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കായ് ഇവയര്‍പ്പിക്കുന്നു...

നാമ വിഭാഗം
ദ്രവ്യനാമം
(സംജ്ഞം- സാമാന്യം- മേയം-സര്‍വ്വം)
==================================
(കേക)

ദ്രവ്യ-ഗുണ-ക്രിയ തന്‍ പേരായ ശബ്ദം നാമം:
ദ്രവ്യ നാമമോ ‘സംജ്ഞം’ ‘സാമാന്യം’ ‘മേയം’ ‘സര്‍വ്വം’!

സംജ്ഞം വ്യക്തിതന്‍ പേരാം-രാമനും പെരിയാറും
സാമാന്യ,മൊരു ജാതി -ആനയും പട്ടണവും!

മേയം താന്‍ ‘സമൂഹ’വും; വ്യക്തി ഭേദവുമില്ല
മഞ്ഞു,പൊ,ന്നാകാശവും വെയിലും മഴ,വെള്ളം!

അടുത്തു പറഞ്ഞൊരു നാമമാം ‘സര്‍വ്വ’നാമം
അവരു,മവനും പിന്നവളു,മതു,മിതും!
================================
ടിപ്പണി.

ഒരു ദ്രവ്യത്തിന്റെയൊ ഗുണത്തിന്റെയൊ ക്രിയയുടെയൊ പേരായ ശബ്ദത്തെ നാമം എന്നു പറയാം.
അതില്‍ ദ്രവ്യനാമമാണ് ആദ്യം പരിഗണിക്കുന്നതു.
സംജ്ഞാനാമം സാമാന്യനാമം മേയാനാമം സര്‍വ്വനാമം ഇങ്ങനെ ദ്രവ്യനാമത്തെ നാലായിതിരിച്ചിട്ടുണ്ട്.

സംജ്ഞം ഒരു വ്യക്തിയെ കുറിക്കുന്നു. പേര്‍ കേട്ടാല്‍ പെട്ടെന്ന് ആ വ്യക്തിയെ മനസ്സിലാക്കാം.
ഉദാ: രാമന്‍,പെരിയാര്‍,കോട്ടയം,ഗുരുവായൂര്‍ കേശവന്‍..

സാമാന്യനാമമാകട്ടെ ഒരു വര്‍ഗ്ഗത്തെ അല്ലെങ്കില്‍ ജാതിയെ( ഇനത്തെ) സൂചിപ്പിക്കുന്നു.
ഉദാ:ആന,പട്ടണം,കോഴി,മനുഷ്യന്‍..

മേയാനാമവും ‘സമൂഹനാമ’വും ഒന്നാണെന്ന അഭിപ്രായവുമുണ്ട്!
എത്ര ചെറുതാക്കിയാലും വലുതാക്കിയാലും പേരില്‍ (വ്യക്തിക്കു) വ്യത്യാസം വരാത്തത് മേയാനാമം.ഉദാ:മഞ്ഞ്,പൊന്ന്,ആകാശം,വെയില്‍ ,മഴ,വെള്ളം,കാറ്റ്(വായു)..

തൊട്ടടുത്തു പറഞ്ഞ ഒരു നാമത്തിനു പകരം (ആവര്‍ത്തന വിരസതയില്ലാതിരിക്കാന്‍)വയ്ക്കുന്ന നാമമാണ് സര്‍വ്വനാമം.ഉദാ:അവര്‍,അവന്‍,ആവള്‍,അത്,ഇത്,അദ്ദേഹം...

Malayalam School,മലയാളം പാഠശാല









എല്ലാവര്‍ക്കും സ്വാഗതം..


ഇതാ സുഹൃത്തുക്കളേ
നിങ്ങള്‍ക്കൊരു 'മലയാളം പാഠശാല'.
മലയാളം പഠിയ്ക്കാന് ആഗ്രഹിക്കുന്നവര്‍ക്കും,
പഠിപ്പിക്കാന് ആഗ്രഹിക്കുന്നവര്‍ക്കും,
സാഹിത്യ കുതുകികള്ക്കും,വിമര്‍ശകര്‍ക്കും,
സര്‍വ്വോപരി മലയാളഭാഷയുടെ അഭ്യൂദയകാംക്ഷികള്ക്കും
ഈ പാഠശാലയില് പ്രവേശനമുണ്ട്.
മലയാളഭാഷയുടെ നന്മയും വളര്‍ച്ചയും
മാത്രമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

“ഏതു ജില്ലയിലായാലും
ഏതു ജോലിയിലെന്നാലും
ഏതു ജാതിയതായാലും
ഏന്തും നമ്മള് ‘ മലയാളം’ !”

അതിനുവേണ്ടി കൂട്ടുകാരേ, നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം,പ്രവര്‍ത്തിക്കാം

pls download "all programes in one " varamozhi "
from dis link:-

http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.03.exe

-or-

https://sites.google.com/site/cibu/